24 വർഷത്തെ കഠിന തടവും പിഴയും
മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് 24 വർഷത്തെ കഠിന തടവും പിഴയും. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയ പ്രതികൾക്കാണ് കോടതി മാതൃകാപരമായി കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.
2019 മെയ് മാസം 24 ന് കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡിൽ വച്ചാണ് 12 കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലും, കഞ്ചാവും, മാരകായുധങ്ങളുമായി എത്തിയ പ്രതികളെ എക്സൈസ് പിടികൂടിയത്. എറണാകുളം സ്വദേശികളായ മനുവിൽസൻ, അൻവർ സാദത്ത്, രാജ് മോഹൻ എന്നിവരാണ് കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു മയക്കുമരുന്ന് കടത്താൻ നോക്കിയത്.
പ്രതികളെ ഗൂഢാലോചന നടത്തിയതിനും മയക്കുമരുന്ന് കടത്തിയതിനുമായി, വിവിധ വകുപ്പുകളിൽ, 24 വർഷം വീതം കഠിനതടവിനും, 2,10,000 രൂപ വീതം പിഴയുമാണ് തിരുവനന്തപുരം രണ്ടാം അഡീഷണൽ ഡിസ്ട്രിക്ട് സെക്ഷൻസ് കോടതി ശിക്ഷിച്ചത്. സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്ന് കടത്താൻ ഇറങ്ങുന്നവർക്ക് ഇത്തരം കടുത്ത ശിക്ഷകൾ അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.