അബ്കാരി പോളിസി 2020-21

2020-21 വർഷത്തെ അബ്കാരി നയം സർക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെയും വ്യാജ മദ്യത്തിന്റെയും വിതരണവും വ്യാപനവും പരമാവധി കുറച്ച് ശുദ്ധമായ മദ്യം ലഭ്യമാക്കുന്നതോടൊപ്പം ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ട് വരുന്നതിനും, കൂടാതെ വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പദ്ധതികളാണ് മദ്യനയങ്ങളിലൂടെ സർക്കാർ നടപ്പിലാക്കി വരുന്നത്. 2017-18, 2018-19, 2019-20 വർഷങ്ങളിൽ പ്രഖ്യാപിച്ച മദ്യനയങ്ങളുടെ തുടർച്ചയായി ഏതാനും വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചിട്ടുള്ളത്.

കള്ള്ഷാപ്പുകൾ, ടോഡി ബോർഡ് നിലവിൽ വരുന്നതുവരെയോ, മൂന്നു വർഷം വരെയോ, ഇതിൽ ഏതാണോ ആദ്യം അതുവരെ വില്പന നടത്തുന്നതാണ്. 2019-20 വർഷത്തിലെ ലൈസൻസികൾക്ക് വില്പനയിൽ മുൻഗണന നൽകുന്നതുമാണ്. തെങ്ങിൽ നിന്നും ചെത്തുന്ന കള്ളിന്റെ പ്രതിദിന അളവ് 2 ലിറ്ററായി പുനർനിർണ്ണയിക്കുന്നതാണ്.

വിവിധ വിദേശമദ്യ ലൈസൻസുകളുടെ ഫീസ് വർദ്ധിപ്പിക്കുന്നതാണ്. എഫ്.എൽ.3 ബാർ ലൈസൻസിന് 30 ലക്ഷം രൂപയും എഫ്.എൽ.4.എ. ക്ലബ് ലൈസൻസിന് 20 ലക്ഷം രൂപയും എഫ്.എൽ.7 എയർപോർട്ട് ലോഞ്ച് ലൈസൻസിന് 2 ലക്ഷം രൂപയുമായി ഫീസ് ഉയർത്തുന്നതാണ്. ഡിസ്റ്റിലറി & വെയർഹൗസ് റൂൾസ്, ബ്രൂവറി റൂൾസ്, കൊമ്പൗണ്ടിങ്ങ് ബ്ലണ്ടിങ്ങ് & ബോട്ടിലിങ്ങ് റുൾസ് തുടങ്ങിയവ പ്രകാരമുള്ള ലൈസൻസുകളുടെ നിരക്കുകളും വർദ്ധിപ്പിക്കും. ഭാരവാഹികൾ മാറുന്നതനുസരിച്ച് എഫ്.എൽ.4.എ. ക്ലബ് ലൈസൻസികളെ മാറ്റുന്നതിന് ഇടാക്കിവന്ന ഫീസ് ഒഴിവാക്കുന്നതാണ്.

ലേബൽ അംഗീകരിക്കുന്നതിനുള്ള ഫീസ് 50,000 രൂപയായി ഉയർത്തും. ബ്രാന്റ് രജിസ്ട്രേഷൻ ഫീസ് 75,000 രൂപയും ടൈ-അപ്പ് ക്രമീകരണം മുഖേന മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ബ്രാന്റുകൾക്ക് 3 ലക്ഷവുമായി വർദ്ധിപ്പിക്കും. എന്നാൽ ഗ്ലാസ് കുപ്പികൾ ഉപയോഗിക്കുന്നതിന് പ്രോത്സാഹനമായി ഈ വർദ്ധനവുകൾ ഗ്ലാസ് കുപ്പികളിലെ ലേബൽ, ബ്രാന്റ് എന്നിവയ്ക്ക് ഒഴിവാക്കുന്നതാണ്. മറ്റ് സംസ്ഥാന ബ്രാന്റുകൾ ടൈ-അപ്പ് ക്രമീകരണം മുഖേന കേരളത്തിൽ ഉത്പാദിപ്പിക്കുന്നതിന് ഓരോ ഡിസ്റ്റിലറിക്കും 2 ലക്ഷം രൂപ വീതം ഈടാക്കുന്നതാണ്.

അബ്കാരി പോളിസി 2020-21 >>

Skip to content