40 കിലോ കഞ്ചാവ് പിടികൂടി

കാറില്‍ കടത്തുകയായിരുന്ന 40 കിലോഗ്രാം കഞ്ചാവ് പാലക്കാട് പിടികൂടി.

പാലക്കാട്‌ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. രാകേഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടോൾപ്ലാസയിൽ വച്ചു എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് തടയാൻ ശ്രമിച്ച KL-55-W-3646 WagonR കാർ, സിവിൽ എക്സൈസ് ഓഫീസർ ആയ ശ്രീകുമാറിനെയും ടോൾപ്ലാസയുടെ ബാരിക്കേഡും ഇടിച്ചു തെറിപ്പിച്ചു പോയെങ്കിലും ഉദ്യോഗസ്ഥർ അതിസാഹസികമായി പിന്തുടര്‍ന്നതിനെ തുടന്ന് മേലെ പൊക്കാംതോടെ സമീപത്തുള്ള മഹാകാളിയമ്മൻ ക്ഷേത്രത്തിനു സമീപം വച്ചു പ്രതികൾ വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയും ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ചിന്റെ സഹായത്തോടെയും എക്സൈസ് സംഘം പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് മെക്കാനിക്കിന്റെ സഹായത്തോടെ കാർ പൊളിച്ച് പരിശോധിച്ചതിൽ കാറിന്റെ ഡിക്കിയിൽനിന്നും 4 ബാഗുകളിലായി സൂക്ഷിച്ച 40 കിലോ കഞ്ചാവ് കണ്ടെടുത്തു.

മലപ്പുറം ജില്ലയിലെ തിരൂർ കേന്ദ്രീകരിച്ചുള്ള മുൻ കഞ്ചാവ് കേസുകളിലെ പ്രതിയുടെ നേതൃത്വത്തിൽ ഉള്ള അജ്ഞാത സംഘം ആന്ധ്രാപ്രദേശിലെ റ്റുനിയിൽ നിന്നും കഞ്ചാവ് ശേഖരിച്ച് ധൻബാദ് എക്സ്പ്രസില്‍ തിരുപ്പൂരിൽ എത്തിച്ച് അവിടെ നിന്നു കാർ മാർഗം കടത്തി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടത്. കഞ്ചാവ് കടത്തിയ പ്രതികളെക്കുറിച്ചുള്ള സംഘത്തിന്റെ സിസി ടീവി ദൃശ്യങ്ങൾ എക്സൈസ് സംഘം ശേഖരിച്ചിട്ടുണ്ട്.

പാലക്കാട്‌ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ തുടങ്ങിയ ‘ഓപ്പറേഷൻ മൺസൂൺ’-ന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 65 കിലോ കഞ്ചാവാണ് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ടി. രാജീവ്‌, പ്രിവന്റീവ് ഓഫീസർ ലോതർ എൽ. പെരേര, സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺസൻ, ശ്രീകുമാർ, ഷിനോജ്, സുരേഷ്, വിശാഖ്, വിനേഷ്, എക്സൈസ് ഡ്രൈവര്‍ ശെൽവകുമാർ പ്ലാക്കൽ, ചെർപ്പുളശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഹരീഷ്, പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ കുമാർ, സിവിൽ എക്സൈസ് ഓഫീസർ കെ.പി. രാജേഷ് എന്നിവർ പങ്കെടുത്തു.

Skip to content