₹ 20 കോടി വിലമതിക്കുന്ന വൻ മയക്കുമരുന്നു വേട്ട
എക്സൈസ് കമ്മിഷണർ നേരിട്ട് നിയന്ത്രിക്കുന്ന സംസ്‌ഥാനതല എക്‌സൈസ് സ്‌ക്വാഡിന്റെ തലവനായ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് വിൽപനക്കായി ബാംഗ്ലൂരിൽ നിന്നും ആഡംബര കാറിൽ കടത്തി കൊണ്ടുവന്ന 20 കോടി രൂപ വിലവരുന്ന വിവിധ ഇനം മയക്ക് മരുന്നുകൾ തിരുവനന്തപുരത്ത് കോവളം- കഴക്കൂട്ടം ബൈപാസിൽ വാഴമുട്ടം ഭാഗത്ത് വച്ച് എക്സൈസ് സംഘം പിടികൂടി. എക്സൈസ് വകുപ്പ് മന്ത്രി നടത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ T P രാമകൃഷ്ണൻ അവർകൾ നിർദ്ദേശിച്ച പ്രകാരം രൂപീകരിച്ച സംസ്ഥാനതല എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കേസ് കണ്ടുപിടിച്ചത്.
കാറിന്റെ അടി ഭാഗത്ത് പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 20 Kg ഹാഷിഷ് ഓയിൽ, 2.500 Kg കഞ്ചാവ്, 240 ഗ്രാം ചരസ്സ് എന്നീ മയക്കു മരുന്നുകളാണ് പിടികൂടിയത്. മയക്ക് മരുന്ന് കാറിൽ കടത്തിക്കൊണ്ടു വന്ന കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഓണംതുരുത്ത് വില്ലേജിൽ ചക്കുപുരക്കൽ വീട്ടിൽ ജോസഫ് മകൻ 34 വയസ്സുള്ള GK എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ജോർജ്കുട്ടിയാണ് പിടിയിലായത്. പോലീസ് ഓഫീസറെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ ഇയാൾക്ക് കാപ്പ നിയമപ്രകാരമുള്ള നടപടി അനുസ്സരിച്ച് കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്. ഇപ്പോൾ ബാംഗ്ലൂരിലേക് താമസം മാറിയ ജോർജ്കുട്ടി ആന്ധ്രായിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ബാംഗ്ലൂരിൽ വൻതോതിൽ ഹാഷിഷും കഞ്ചാവും ചരസ്സും എത്തിച്ച ശേഷം കൂട്ടാളികൾ മുഖാന്തരം കേരളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് ആയത് എത്തിക്കുന്നതാണ് GK യുടെ പതിവ്. സാധാരണ കേരളത്തിലേക്ക് വരാത്ത ജോർജ്കുട്ടി ഇപ്പോൾ വൻ മയക്ക് മരുന്ന് ഇടപാടായതുകൊണ്ടാണ് നേരിട്ട് വന്നത്. ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതനുസ്സരിച്ചാണ് എക്സൈസ് പ്രത്യേക സംഘം GK എന്ന ജോർജ് കുട്ടിയെ പിന്തുടർന്ന് പിടികൂടിയത്.
ഈ പ്രതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ ഉള്ള ഇയാളുടെ കൂട്ടാളികൾക്ക് എതിരെയുള്ള നീക്കം സ്‌ക്വാഡ് ശക്തമാക്കിയിട്ടുണ്ട്. കേസ് കണ്ടുപിടിച്ച സംഘത്തെ ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രിയും, എക്സൈസ് കമ്മിഷണർ ADGP ശ്രീ S ആനന്ദകൃഷ്ണൻ IPS ഉം പ്രത്യേകം അഭിനന്ദിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാർ, എക്സൈസ് ഇൻസ്‌പെക്ടർമാരായ ജി കൃഷ്ണകുമാർ, എ പ്രദീപ് റാവു, കെ വി വിനോദ്, ടി ആർ മുകേഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ എസ് മധുസൂദനൻ നായർ, വി എസ് ദീപുകുട്ടൻ, ജി സുനിൽ രാജ്, പി എസ് ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് കൃഷ്ണപ്രസാദ്, എസ് സുരേഷ്ബാബു, എ ജസീം, പി സുബിൻ, വി ആർ ബിനുരാജ് എന്നിവർ ചേർന്നാണ് ലഹരി വേട്ട നടത്തിയത്.
Hashish Oil, Ganja & Charas seizure on 22/06/19